
യെറിവാന്‍: അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ ആര്‍ച്ചബിഷപ് അര്‍ഷാക് കചാത്ര്യാന് കോടതി ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചനം. ലോകത്തിലെ ആദ്യ ക്രൈസ്തവ രാജ്യമായി വിശേഷിപ്പിക്കപ്പടുന്ന അര്‍മേനിയയിലെ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ അര്‍മേനിയന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് ആര്‍ച്ചുബിഷപ് അര്‍ഷാക് കചാത്ര്യാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. മൂന്ന് മാസത്തെ തടങ്കലിന് ശേഷം മാര്‍ച്ച് 5-നാണ് അപ്പീല്‍ കോടതി അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കോടതിയുടെ സഹായത്തോടെ ജയില്‍ മോചിതനാകുന്ന അര്‍മേനിയന്‍ സഭയിലെ മൂന്നാമത്തെ ബിഷപ്പാണ് അര്‍ഷാക് കചാത്ര്യാന്‍. എന്നാല്‍ അര്‍മേനിയന്‍ അപ്പസ്‌തോലിക്ക് സഭയിലെ മുതിര്‍ന്ന ആര്‍ച്ചുബിഷപ്പായ ബഗ്രാത് ഗല്‍സ്താന്‍യാന്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
സോവ്യറ്റ് കാല തിരുത്തല്‍ ലേബര്‍ ക്യാമ്പ് പോലുള്ള ഇടത്താണ് തന്നെ പാര്‍പ്പിച്ചിരുന്നതെന്നും എന്നാല്‍ തന്റെ നിലപാടുകള്‍ ‘തിരുത്താന്‍’ തയാറല്ലെന്നും പുറത്തിറങ്ങിയ ശേഷം ആര്‍ച്ചുബിഷപ് അര്‍ഷാക് കചാത്ര്യാന്‍ പ്രതികരിച്ചു. അര്‍മേനിയന്‍ സഭയുടെ തലവന്‍ കാതോലിക്കോസ് കരേകിന്‍ രണ്ടാമനോടുള്ള വിധേയത്വം ആവര്‍ത്തിച്ച ആര്‍ച്ചുബിഷപ് അര്‍മേനിയന്‍ അപ്പസ്‌തോലിക്ക് സഭയോടുള്ള വിശ്വസ്തത തുടരുമെന്ന് വ്യക്തമാക്കി. 2018-ല്‍ സഭാ വിരുദ്ധ പ്രക്ഷോഭകാരിക്കെതിരെ വ്യാജമായി മയക്കുമരുന്ന് കേസ് ചുമത്തി എന്നാരോപിച്ചാണ് 2025 ഡിസംബറില്‍ ആര്‍ച്ചുബിഷപ്പിനെ അറസ്റ്റ് ചെയ്തത്. മറ്റ് ക്രൈസ്തവ നേതാക്കള്‍ക്കെതിരെ ചുമത്തിയ കേസുകള്‍പോലെതന്നെ ഈ ആരോപണവും കെട്ടിച്ചമച്ചതാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
സഭയ്‌ക്കെതിരായ അര്‍മേനിയന്‍ സര്‍ക്കാര്‍ നടപടികളെ വിവിധ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടനകള്‍ ശക്തമായി അപലപിച്ചിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ അര്‍മേനിയന്‍ സന്ദര്‍ശനവും ഈ വിഷയത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവന്നു. അയല്‍രാജ്യങ്ങളായ തുര്‍ക്കിയില്‍ നിന്നും അസര്‍ബൈജാനില്‍ നിന്നും ഭീഷണി നേരിടുന്ന അര്‍മേനിയയില്‍, രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന സഭയുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.