ആരോഗ്യമേഖല അഗ്നിപരീക്ഷയിൽ: സാമൂഹിക നീതി ചോദ്യം ചെയ്യപ്പെടുമ്പോൾ…

Kerala nurses strike

കേരളത്തിന്റെ ആരോഗ്യഭൂപടം ഇന്ന് ഒരു വലിയ അഗ്നിപരീക്ഷയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ ഇടപെടലിലൂടെ നഴ്‌സുമാരുടെ സമരം ചർച്ചകളിലേക്ക് വഴിമാറുമ്പോൾ, ഇത് കേവലം ഒരു തൊഴിൽ തർക്കത്തിന്റെ പരിഹാരശ്രമമായി ചുരുക്കിക്കാണാനാവില്ല. മറിച്ച്, സേവനത്തിന്റെ വിശുദ്ധിയും അതിജീവനത്തിനായുള്ള അവകാശപ്പോരാട്ടവും തമ്മിലുള്ള ഒരു വലിയ ധാർമ്മിക സംഘർഷമാണിത്. അടഞ്ഞുപോയ സംവാദങ്ങളുടെ വാതിലുകൾ വീണ്ടും തുറക്കപ്പെടുമ്പോൾ, അവിടെ ചർച്ച ചെയ്യപ്പെടേണ്ടത് വെറും ശമ്പളക്കണക്കുകളല്ല; മറിച്ച് ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്‌സുമാർക്ക് ലഭിക്കേണ്ട നീതിയും രോഗികൾക്ക് അഭയമാകുന്ന സേവനസ്ഥാപനങ്ങളുടെ സുഗമമായ നിലനിൽപ്പുമാണ്. മാനുഷിക പരിഗണനകളും പ്രായോഗിക യാഥാർത്ഥ്യങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന ഒരു മധ്യസ്ഥതയാണ് ഇവിടെ ആവശ്യം.

അവകാശങ്ങളിലെ നീതിയും നഴ്‌സുമാരുടെ കണ്ണീരും

വെള്ളവസ്ത്രമണിഞ്ഞ മാലാഖമാരെന്ന വിളിപ്പേരിനപ്പുറം, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണ വ്യക്തിയാണ് ഓരോ നഴ്‌സും. രോഗശയ്യയിൽ സാന്ത്വനത്തിന്റെ കരങ്ങളാകുന്നവരുടെ ഉള്ളിലെ എരിയുന്ന നൊമ്പരങ്ങൾ കേൾക്കാതിരിക്കാൻ ഒരു പരിഷ്കൃത സമൂഹത്തിന് കഴിയില്ല. മാന്യമായ വേതനവും അന്തസ്സുള്ള തൊഴിൽ സാഹചര്യവും അവരുടെ അവകാശമാണ്, ദാനമല്ല. ആ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവർ നടത്തുന്ന നിലവിളികളോട് അനുഭാവവും ഐക്യദാർഢ്യവുമാണ് സഭയും സമൂഹവും പുലർത്തേണ്ടത്. അവരുടെ അതിജീവനം കേരളത്തിന്റെ ആരോഗ്യമേഖലയുടെ സുഗമമായ നിലനിൽപ്പിനും അതിന്റെ നന്മയ്ക്കും കൂടി ആവശ്യമാണ്. അതേസമയം, സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പുവരുത്തുന്ന ആശുപത്രികളുടെ നിലനിൽപ്പിനെ ഇത്തരം സമരങ്ങൾ പ്രതിസന്ധിയിലാക്കാൻ പാടില്ല. പരിധിവിട്ട അവകാശവാദങ്ങൾ അംഗീകരിക്കപ്പെട്ടാലും അത് സാധാരണക്കാർക്ക് ചികിത്സ അപ്രാപ്യമാകുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം.

സഭയുടെ സാമൂഹിക പ്രബോധനങ്ങളും ധാർമ്മിക ഉത്തരവാദിത്വവും

“വേലക്കാരൻ തന്റെ കൂലിക്ക് അർഹനാണ്” എന്ന ബൈബിൾ വചനം കേവലം ഒരു ഉപദേശമല്ല, മറിച്ച് ക്രൈസ്തവന്റെ അടിസ്ഥാന പ്രമാണമാണ്. സഭയുടെ സാമൂഹിക പ്രബോധനങ്ങൾ എക്കാലവും തൊഴിലാളികളുടെ പക്ഷത്താണ് നിന്നിട്ടുള്ളത്. സഭ എക്കാലവും ആവർത്തിച്ചു വ്യക്തമാക്കുന്നത് മനുഷ്യന്റെ അധ്വാനത്തിന് അർഹമായ വില നൽകണമെന്നാണ്. ആധുനിക സഭയുടെ സാമൂഹിക പ്രബോധനങ്ങൾക്ക് അടിത്തറയിട്ട ലിയോ പതിമൂന്നാമൻ മാർപാപ്പ തന്റെ ‘റേരും നോവാരും’ (Rerum Novarum) എന്ന ചാക്രിക ലേഖനത്തിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: “അർഹമായ പ്രതിഫലം തൊഴിലാളിക്ക് നൽകാതിരിക്കുന്നത് സ്വർഗ്ഗത്തിന്റെ കോപം വിളിച്ചുവരുത്തുന്ന മഹാപാപമാണ്”. ലാഭേച്ഛയല്ല, മറിച്ച് സഹോദരന്റെ ക്ഷേമമാണ് സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് സഭ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, സഭാ സ്ഥാപനങ്ങൾ നഴ്‌സുമാരോട് പുലർത്തേണ്ട നീതി എന്നത് നിയമപരമായ ഒരു ബാധ്യതയേക്കാൾ ഉപരിയായി ക്രിസ്തീയമായ മഹത്തായ ധർമ്മമാണ്.

സാമൂഹിക ദൗത്യത്തിന്റെ തുടർച്ചയും സ്ഥാപനങ്ങളുടെ നിലപാടും

കേരളത്തിലെ അശരണർക്കും രോഗികൾക്കും താങ്ങായി നിന്ന കത്തോലിക്കാ ആശുപത്രികൾക്ക് വലിയൊരു പാരമ്പര്യമുണ്ട്. ഉൾനാടുകളിൽ പോലും ആധുനിക ചികിൽസ സംവിധാനങ്ങളെത്തിച്ച ഈ സ്ഥാപനങ്ങൾ ഇന്നും ആരോഗ്യരംഗത്തെ നട്ടെല്ലാണ്. ചില പ്രമുഖ കത്തോലിക്കാ ആശുപത്രികൾ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വേതനം നൽകുന്നുണ്ടെന്ന് വിശദമായ പ്രസ്താവനകളിലൂടെ അവകാശപ്പെടുമ്പോഴും, ഈ മേഖലയിൽ എവിടെയെങ്കിലും വീഴ്ചകൾ സംഭവിക്കുന്നുണ്ടോ എന്ന് എല്ലാ സ്ഥാപനങ്ങളും സ്വയം പരിശോധിക്കേണ്ടതുണ്ട്. മാനേജ്‌മെന്റുകൾ തങ്ങളുടെ ലാഭത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് കൂടെ ജോലി ചെയ്യുന്നവരുടെ ആവശ്യങ്ങൾക്കും കണ്ണീരിനുമാണ്. ആരോഗ്യമേഖലയിലെ കച്ചവടവൽക്കരണം ഒരുഭാഗത്ത് അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്ന ഇക്കാലത്ത്, മാതൃകാപരമായ ഒരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ സഭയുടെ സ്ഥാപനങ്ങൾ കേരളത്തിന് മുഴുവൻ വഴികാട്ടിയാകണം.

സമരങ്ങളിലെ നീതിയും രോഗികളുടെ അവകാശവും

സമരങ്ങളുടെ പിന്നിലെ ആവശ്യത്തെ അംഗീകരിക്കുമ്പോഴും, സമരത്തിന്റെ സദുദ്ദേശ്യത്തിന് മങ്ങലേൽപ്പിച്ച ചില വാസ്തവങ്ങൾകൂടി കാണാതിരിക്കാനാവില്ല. സംഘടനയും സ്ഥാപനങ്ങളും സർക്കാരും നടത്തിയ മൽപ്പിടുത്തതിന്റെ ഇടയിൽ അകപ്പെട്ട നഴ്‌സുമാർക്ക് രോഗികൾക്കും അവകാശങ്ങളുണ്ട് എന്ന് ചിന്തിക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നു വേണം കരുതാൻ. സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യപരമാണ്, എന്നാൽ അത് നീതിനിഷ്ഠമായിരിക്കണം. മുൻകൂർ നോട്ടീസ് നൽകണമെന്ന കോടതി നിർദ്ദേശം അവഗണിച്ച് നടത്തിയ മിന്നൽ സമരങ്ങൾവഴി സംഘടനാ നേതൃത്വം ആരെയാണ് ശിക്ഷിക്കുന്നത്? ഐ.സി.യുകളിലും വെന്റിലേറ്ററുകളിലും കിടക്കുന്ന പാവപ്പെട്ട രോഗികളുടെ ജീവിക്കാനുള്ള അവകാശത്തേക്കാൾ വലുതല്ല മറ്റേതൊരു അവകാശവും. പൊരുതുന്നത് നീതിക്ക് വേണ്ടിയാണെങ്കിൽ ആ പോരാട്ടം അപരന്റെ ജീവനെടുത്തുകൊണ്ടാകരുത്. ധാർമ്മികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന സമരമുറകൾ സംഘടനകൾ സ്വീകരിക്കുന്നത് പൊതുസമൂഹത്തിന്റെ പിന്തുണ ക്രമേണ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ.

നേതൃത്വങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും മുതലെടുപ്പുകളും

സമരത്തിന് നേതൃത്വം നൽകുന്ന സംഘടനകളുടെയും വ്യക്തികളുടെയും ലക്ഷ്യങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. ഈ സമരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഒരു പ്രത്യേക വിഭാഗം സ്ഥാപനങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യൻ മാനേജ്‌മെന്റുകളെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ നടക്കുന്നതായി മുൻകാലങ്ങളിൽ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ നിഷ്കളങ്കമായ ആവശ്യങ്ങളെ മുൻനിർത്തി ചില തൽപ്പരകക്ഷികൾ തങ്ങളുടെ നിഗൂഢമായ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം.

ആശുപത്രികൾക്കെതിരായ സമരമാണ് നടക്കുന്നതെങ്കിലും സഭാനേതൃത്വത്തിനും സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നിലപാടുകൾക്കും എതിരായ ആശയപ്രചാരണങ്ങൾ അതിന്റെ മറവിൽ നടക്കുന്നതായി കാണാം. സംഘടനയുടെ ശക്തിയെ സഭയ്‌ക്കെതിരായ ഒരായുധമായി മാറ്റുന്ന പ്രവണതയുണ്ടെങ്കിൽ അത് ചെറുക്കപ്പെടേണ്ടതാണ്. നഴ്‌സുമാരുടെ ക്ഷേമത്തേക്കാൾ ഉപരിയായി, സ്ഥാപനങ്ങളെ തകർക്കാനും സൽപ്പേരിന് കളങ്കം വരുത്താനും ചിലർ ലക്‌ഷ്യം വയ്ക്കുന്നുണ്ടെങ്കിൽ ആ ലക്ഷ്യത്തിന് ഈ പവിത്രമായ തൊഴിലിനെ വിട്ടുകൊടുക്കരുത്.

ശത്രുതയല്ല, സഹവർത്തിത്വമാണ് പരിഹാരം

മാനേജ്‌മെന്റും നഴ്‌സുമാരും പരസ്പരം പൊരുതുന്ന രണ്ട് വിരുദ്ധ ചേരികളല്ല, മറിച്ച് ഒരു ശരീരത്തിന്റെ രണ്ട് ഭാഗങ്ങളാണ്. ഇവർക്കിടയിൽ ശത്രുതയുടെ മതിൽ തീർക്കുന്നത് ആരോഗ്യമേഖലയുടെ നാശത്തിന് വഴിവെക്കും. പരസ്പര വിശ്വാസക്കുറവ് രോഗീപരിചരണത്തിന്റെ ആത്മാവിനെത്തന്നെ ചോർത്തിക്കളയും. ഹോസ്പിറ്റലുകൾ സ്തംഭിപ്പിക്കുന്നതിന് പകരം, സർക്കാരിന്റെ മാനദണ്ഡങ്ങളിലാണ് പിഴവുകളെങ്കിൽ അവിടെയാണ് പോരാട്ടം നടക്കേണ്ടത്. വിദ്വേഷമില്ലാത്ത ഒരു തൊഴിലിടം സൃഷ്ടിക്കാൻ മാനേജ്‌മെന്റും നഴ്‌സുമാരും തൊഴിലാളി സംഘടനകളും മുൻകൈ എടുക്കണം.

ഉപസംഹാരം

ആരോഗ്യരംഗത്തെ ഈ അശാന്തി കേരളത്തിന് ഗുണകരമല്ല. സർക്കാർ ഈ വിഷയത്തിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും യുക്തമായ ഇടപെടലുകൾ നടത്തുകയും വേണം. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയും, അതേസമയം സേവന സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു രമ്യമായ പരിഹാരമാണ് കാലം ആവശ്യപ്പെടുന്നത്. താൽക്കാലിക പരിഹാരമല്ല, സാംസ്‌കാരികകേരളത്തിന് അപമാനകരമായ തെരുവ് രോധനങ്ങളും അശാന്തമായ തൊഴിൽ സാഹചര്യങ്ങളും വീണ്ടും ഉണ്ടാകാതിരിക്കാൻ ശാശ്വതമായ ഒരു പരിഹാരമാണ് ആവശ്യം. വാശികൾ വെടിഞ്ഞ്, സ്നേഹത്തിന്റെ പാതയിൽ ഒരുമിച്ചു നിൽക്കാൻ ഏവർക്കും കഴിയേണ്ടതുണ്ട്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.