
ജുബ/സൗത്ത്: ആഭ്യന്തര കലാപങ്ങള്‍ തുടരുന്ന സൗത്ത് സുഡാനില്‍ വീണ്ടും നരനായാട്ട്. വടക്കന്‍ സൗത്ത് സുഡാനിലെ റുവെങ് ഭരണമേഖലയിലുണ്ടായ ആക്രമണത്തില്‍ 178 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 90-ഓളം പേര് സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന സാധാരണക്കാരാണ്. 79 സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കൂട്ടക്കൊലയ്ക്ക് പിന്നില്‍ വിമത സൈന്യമാണെന്ന് സംശയിക്കുന്നു. ആക്രമണത്തെത്തുടര്‍ന്ന് നിരവധിയാളുകള്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
സൗത്ത് സുഡാനിലെ കത്തോലിക്കാ മെത്രാന് സമിതി കൂട്ടക്കൊലയെ അപലപിച്ചു. ജുബ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സ്റ്റീഫന്‍ അമേയു മാര്ട്ടിന് മുല്ല ഉള്‍പ്പെടെയുള്ള പത്ത് മെത്രാന്മാര് ഒപ്പിട്ട പ്രസ്താവന ഈ സംഭവം മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞു. സമൂഹത്തില്‍ വേരൂന്നിയ പ്രതികാര ബുദ്ധി രാജ്യത്തിന്റെ ഭാവി നശിപ്പിക്കും. സ്വന്തം വീടുകളിലും നാട്ടിലും വച്ച് കൊല്ലപ്പെടുന്നവരുടെ രക്തം നീതിക്കായി നിലവിളിക്കുന്നുണ്ട്. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും മെത്രാന്മാര് ആവശ്യപ്പെട്ടു.