
കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉറപ്പുവരു ത്താന്‍ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേ ഷന്‍ (കെഎല്‍സിഎ) സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികള്‍ രൂപീകരിക്കും. കെഎല്‍സിഎ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടായത്.
കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സംസ്ഥാനതല ജാഗ്രത സമിതി പ്രഖ്യാപിക്കും. പിന്നീട് പ്രാദേശിക കേന്ദ്രങ്ങളില്‍ രുപത അടിസ്ഥാനത്തിലും ഇടവക അടിസ്ഥാനത്തിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.
കോശി കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്ന 284 ശുപാര്‍ശകള്‍ സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടത്താനും, പ്രചാരണ യോഗങ്ങള്‍ നടത്താനും സമയബന്ധിതമായി അവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിക്കാനുമാണ് ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നത്.
യോഗത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ട്രഷറര്‍ രതീഷ് ആന്റണി, വൈസ് പ്രസിഡന്റുമാരായ എബി കുന്നേപറമ്പില്‍, അലക്‌സ് താളൂപാടത്ത് , നൈജു അറക്കല്‍ , പൈലി ആലുങ്കല്‍, പാട്രിക്ക് മൈക്കിള്‍, സി ജെ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

