
തിരുവനന്തപുരം: 2021-ല്‍ ഡയറിയില്‍ എഴുതിവച്ച സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് തിരുവനന്തപുരം നരുവാമൂടിലെ ജെ.എസ് ശ്രീജ (Sreeja J S). ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ 57-ാം റാങ്കുനേടിയാണ് ശ്രീജ സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടിയത്. കേരളത്തില്‍നിന്നുള്ള ഒന്നാം സ്ഥാനക്കാരിയുമാണ് ശ്രീജ.
ഐഎഎസ് സ്വന്തമായെങ്കിലും ഐഎഫ്എസ് (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്) ആണ് ശ്രീജ തിരഞ്ഞെടുക്കുന്നത്. കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തം ഡയറിയില്‍ എഴുതിവച്ച സ്വപ്നമായിരുന്നത്.
തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് മാതാപിതാക്കള്‍ക്കാണ്. കൂലിപ്പണിക്കാരനായ ജയകുമാറിന്റെയും ഷീജകുമാരിയുടെയും മകളാണ് ശ്രീജ. തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടിന് ദൈവം നല്‍കിയ പ്രതിഫലമായിട്ടാണ് ശ്രീജ തന്റെ വിജയത്തെ കാണുന്നത്.
ആദ്യശ്രമത്തില്‍തന്നെ സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്കു നേടി എന്നതാണ് ഏറ്റവും ശ്രദ്ധേയം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ടെന്‍ഷനായിരുന്നു. പാളയം പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചാണ് ടെന്‍ഷന്‍ മാറ്റിയതെന്ന് പിതാവ് ജയകുമാര്‍ പറയുന്നു.
തനിക്കുവേണ്ടി അനേകര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ക്കെല്ലാം നന്ദി പറയുകയാണെന്നെന്നും ശ്രീജ പറയുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് തന്റെ റാങ്ക് എന്നാണ് ശ്രീജയുടെ വാക്കുകള്‍.
