തകര്‍ന്ന ദാമ്പത്യബന്ധങ്ങള്‍ക്ക്  പുതുജീവനേകുന്ന മുന്നേറ്റം മാതൃകയാകുന്നു

Movement restoring broken marriages

ലിമ/പെറു: ലോകമെമ്പാടും വിവാഹമോചനങ്ങളും കുടുംബതകര്‍ച്ചകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, തകര്‍ന്ന ദാമ്പത്യ ബന്ധങ്ങള്‍ക്ക് പുതുജീവനേകുന്ന ‘ജീസസ് ആന്‍ഡ് മേരി റീസ്റ്റോര്‍ മൈ ഫാമിലി’  എന്ന കത്തോലിക്കാ മുന്നേറ്റം ശ്രദ്ധ നേടുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്ന ദമ്പതികള്‍ക്കും വേര്‍പിരിഞ്ഞു കഴിയുന്നവര്‍ക്കുമായി ഇവര്‍ സംഘടിപ്പിക്കുന്ന ‘ലുക്ക് അറ്റ് മി’ എന്ന ഹീലിംഗ് റിട്രീറ്റ്, കുടുംബ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയാണ്.

പങ്കാളിയെ മാറ്റാന്‍ ശ്രമിക്കുന്നതിന് പകരം, ദൈവസ്‌നേഹം അനുഭവിക്കുന്നതിലൂടെ സ്വന്തം മുറിവുകള്‍ ഉണക്കാനും സ്വയം മാറാനും ‘ലുക്ക് അറ്റ് മി’ ധ്യാനം വ്യക്തികളെ പ്രാപ്തരാക്കുന്നു. വിവാഹമോചിതര്‍, നിയമപരമായി വേര്‍പിരിഞ്ഞവര്‍, പുനര്‍വിവാഹിതര്‍ തുടങ്ങി സഭയില്‍ ഒറ്റപ്പെട്ടുവെന്ന് കരുതുന്ന ഏവര്‍ക്കും ഈ കൂട്ടായ്മയില്‍ സ്ഥാനമുണ്ട്. മറ്റുള്ളവരെ വിധിക്കാതെ, കരുണയുള്ള പിതാവിനെപ്പോലെ അവരെ സ്വീകരിക്കുക എന്നതാണ് ലിമ അതിരൂപത അംഗീകരിച്ച ഈ മിഷന്റെ ലക്ഷ്യം.

സാധാരണ വിവാഹ സെമിനാറുകളില്‍ നിന്ന് വ്യത്യസ്തമായി, പങ്കാളികളില്‍ ഒരാള്‍ക്ക് മാത്രമായും ഈ ശുശ്രൂഷയില്‍ പങ്കെടുക്കാം എന്നതാണ് ഈ ശുശ്രൂഷയുടെ പ്രത്യേകത. മരിയേല വിയാനേവ എന്ന വനിത തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. അഞ്ച് വര്‍ഷത്തോളം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ അവസരത്തില്‍ സഹായം തേടി പല വാതിലുകളും മുട്ടിയെങ്കിലും മരിയേലക്ക് ഒരിടത്തു നിന്നും സഹായം ലഭിച്ചില്ല. പങ്കാളി കൂടെയുണ്ടെങ്കില്‍ മാത്രമേ സഹായിക്കാന്‍ കഴിയൂ എന്നതായിരുന്നു പലരുടെയും നിലപാട്. ‘എന്നാല്‍ ഇവിടെ ഞങ്ങള്‍ ആ വാതില്‍ തുറന്നിടുന്നു,’ മരിയേല പറയുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ മാനുഷികമായി ഒത്തുചേരുന്നത് അസാധ്യമെന്ന് കരുതിയ പല ദമ്പതികളും ഈ റിട്രീറ്റിലൂടെ വീണ്ടും ഒന്നിച്ചതായി ഈ കൂട്ടായ്മ സാക്ഷ്യപ്പെടുത്തുന്നു.  പല സാഹചര്യങ്ങളിലും അനുരഞ്ജനം സാധ്യമായില്ലെങ്കിലും, പങ്കെടുത്തവര്‍ക്ക് സമാധാനവും ദൈവത്തിലുള്ള വിശ്വാസവും തിരികെ ലഭിച്ചു. ‘ഞാന്‍ ദൈവത്തിലേക്കും ആദ്യത്തെ സ്‌നേഹത്തിലേക്കും മടങ്ങിപ്പോയി. അത് എന്നെ പകയില്‍ നിന്ന് മോചിപ്പിച്ചു,’ ഈ ധ്യാനത്തില്‍ പങ്കെടുത്ത ഗ്വാട്ടിമാലയില്‍ നിന്നുള്ള  ബ്രെന്‍ഡ ആരിയാസ് പറയുന്നു.

പെറുവില്‍ ആരംഭിച്ച ഈ മുന്നേറ്റം കോവിഡ് മഹാമാരിയുടെ കാലത്ത് ഓണ്‍ലൈന്‍ വഴി ലാറ്റിന്‍ അമേരിക്കയിലേക്കും യുഎസിലേക്കും വ്യാപിച്ചു. ‘സഭ വിധിക്കുന്ന ഇടമല്ല, മറിച്ച് ആശ്വസിപ്പിക്കുന്ന ഭവനമാണ്’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ക്ക് ജീവന്‍ നല്‍കുകയാണ് ദമ്പതികള്‍ക്ക് അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്ന  ഈ മുന്നേറ്റം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.