
ക്ഷമിക്കുമ്പോഴും സ്നേഹിക്കുമ്പോഴും ലോകത്ത് അത്ഭുതങ്ങള്‍ സംഭവിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ചരിത്രം. സിസ്റ്റര്‍ റാണി മരിയ തിരുനാള്‍ ഫെബ്രുവരി 25നാണ്. സിസ്റ്റര്‍ ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഘാതകന് കുടുംബാംഗമായി മാറിയെന്ന അത്യപൂര്‍വ ചരിത്രമാണ് സിസ്റ്റര്‍ റാണി മരിയയുടേത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയില്‍നിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്ന സിസ്റ്റര്‍ റാണി മരിയയുടെ പ്രാര്‍ത്ഥനകള്‍ ഫലംചൂടുന്നു എന്നതിന് തെളിവുകള്‍ നിരവധി. ഒന്നാമത്തെ തെളിവ് നെഞ്ചിലേക്ക് 54 തവണ കഠാര ആഴ്ന്നിറക്കിയ സമന്ദര്സിങിന്റെ മാനസാന്തരമായിരിക്കും.
സ്വര്‍ഗത്തിന്റെ അംഗീകാര മുദ്ര
മകളുടെ ഘാതകനെ മകനായി സ്വീകരിച്ച സിസ്റ്ററിന്റെ മാതാപിതാക്കള്‍ നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അവനെ സഹോദരനായി സ്വീകരിച്ച കുടുംബം ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആള്‍രൂപങ്ങളായി നമ്മുടെ കണ്മുമ്പിലുണ്ട്. വട്ടാലില്‍ പരേതരായ പൈലി-ഏലീശ ദമ്പതികള്‍ക്ക് ഏഴ് മക്കളായിരുന്നു. അഞ്ച് പെണ്ണും രണ്ട് ആണും. രണ്ടു പേര് സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തു- സിസ്റ്റര്‍ റാണി മരിയയും സിസ്റ്റര്‍ സെല്മിപോളും. ഇപ്പോള്‍ എട്ട് മക്കള്‍. വട്ടായില്‍ കുടുംബത്തിലെ ഏറ്റവും ഇളയവനായി സമന്ദര്‍സിങിനെ അവര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഏലീശയുടെ ഓര്മ മറഞ്ഞ് മരണാസന്നയായെങ്കിലും ആരെയോ പ്രതീക്ഷിച്ചെന്നതുപോലെ ജീവന് കാത്തുകിടന്നു. ഗുരുതരാവസ്ഥ അറിഞ്ഞ് സമന്ദര്‍സിങ് എത്തി സ്പൂണില്‍ വെള്ളം കോരി നാവിലേക്ക് പകര്‍ന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അമ്മ നിത്യസമ്മാനത്തിനായി യാത്രയായി. ഒരു കുടുംബത്തിന്റെ അസാധാരണമായ ദത്തെടുപ്പിന്റെ മുകളില്‍ സ്വര്‍ഗം അംഗീകാരമുദ്ര ചാര്‍ത്തിയതുപോലെ. മകളുടെ ഘാതകന് ആദ്യം ആ വീട്ടില്‍ എത്തിയപ്പോള്‍ അവന്റെ കരങ്ങളില്‍ ചുംബിച്ച് വീട്ടിലേക്ക് സ്വീകരിക്കുകയും ലോകത്തിനുമുമ്പില്‍ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രതീകമായി മാറുകയും ചെയ്ത അമ്മയുടെ ശവമഞ്ചം പേറാന്‍ ജന്മം നല്കിയ മക്കളോടൊപ്പം ‘ഇളയ’ മകനും ഉണ്ടായിരുന്നു.





സിസ്റ്റര്‍ അമര്‍ രഹേ
സിസ്റ്റര്‍ റാണി മരിയ (Blessed Sr. Rani Maria) മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ ഉദയ്നഗറില്‍ നിശബ്ദരാക്കപ്പെട്ടവര്‍ക്കുവേണ്ടി വാദിച്ചതാണ് സിസ്റ്ററിനെ ജന്മികളുടെ ശത്രുവാക്കിയത്. അങ്ങനെയാണ് സമന്ദര്‍സിങ് എന്ന വാടകകൊലയാളിയെ ഏര്‍പ്പാടാക്കിയത്. ഇന്‍ഡോറിലേക്കുള്ള യാത്രമധ്യേയാണ് സിസ്റ്റര്‍ റാണി മരിയയുടെ നേരെ ആയുധം ഉയര്‍ന്നത്. ഇന്‍ഡോറില്‍നിന്നും ഭോപ്പാലിലെത്തി അവിടെനിന്നും കേരളത്തിലേക്കായിരുന്നു ആ യാത്ര.
ഉദയ്നഗറിലായിരുന്നു സിസ്റ്ററിന്റെ സംസ്കാരം നടത്തിയത്. അഞ്ച് മണിക്കൂറിലധികം നീണ്ടതായിരുന്നു മൃതസംസ്കാര യാത്ര. ഓരോ ഗ്രാമത്തില്‍ എത്തുമ്പോഴും അലമുറയിട്ട് കരഞ്ഞുകൊണ്ട് പുഷ്പവൃഷ്ടി നടത്തിയായിരുന്നു ഗ്രാമീണര്‍ വിലാപയാത്രയെ എതിരേറ്റത്. പാവപ്പെട്ട സ്ത്രീകള്‍ ‘സിസ്റ്റര്‍ റാണി മരിയ അമര്‍ രഹേ’ എന്നു വിളിച്ചുപറഞ്ഞായിരുന്നു വിലപിച്ചുകൊണ്ടിരുന്നത്. അവരുടെ ആ വാക്കുകള്‍ സത്യമായിമാറിക്കൊണ്ടിരിക്കുകയാണ്.
മിഷനറിമാരെ സ്വാഗതം ചെയ്യുന്ന ഗ്രാമം
ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമന്ദര്‍സിങിനെ ഫാ. സ്വാമി സദാനന്ദ് എന്ന സ്വാമിയച്ചന് പലപ്രാവശ്യം ചെന്നുകണ്ടു. ജയിലില്‍നിന്നും ഇറങ്ങിയാല്‍ തന്നെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്തവരെ കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്ന തീരുമാനത്തില്‍ കഴിഞ്ഞിരുന്ന സമന്ദര്‍സിങിനെ മാനസാന്തരത്തിലേക്ക് നയിച്ചത് ആ സന്ദര്‍ശനങ്ങളായിരുന്നു.
സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വം ഇന്‍ഡോര്‍ ജില്ലയിലെ ഉദയനഗറില്‍ സാമൂഹ്യമാറ്റങ്ങള്‍ക്കും വഴിതെളിച്ചു. മധ്യപ്രദേശില്‍ പൊതുവേ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് കൂടിവരുന്ന സംസ്ഥാനമാണ്. എന്നാല്‍, ഉദയനഗറില്‍ മിഷനറിമാര്‍ക്ക് ഇപ്പോള്‍ യാതൊരുവിധത്തിലുള്ള എതിര്‍പ്പുകളും നേരിടേണ്ടതായി വരുന്നില്ല. അതിലുപരി പുതിയ തലമുറയുടെ ഇടയില്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു.
റാണി മരിയ പാലം
സിസ്റ്റര്‍ മരിക്കുമ്പോള്‍ കുട്ടികളായിരുന്നവരാണ് ഇപ്പോഴത്തെ യുവജനങ്ങള്‍. തങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചതിന്റെ കാരണക്കാരി സിസ്റ്റര്‍ റാണി മരിയ ആണെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. സിസ്റ്റര്‍ റാണി മരിയയുടെ വലിയ ആഗ്രഹമായിരുന്നു ഉദയനഗറിലെ പുഴയ്ക്ക് കുറുകെ ഒരു പാലം വരണമെന്നത്. അതിനായി ഏറെ നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
സിസ്റ്ററിന്റെ മരണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അധികൃതര്‍ പാലം നിര്‍മിച്ചു. സിസ്റ്റര്‍ റാണി മരിയ പാലമെന്നാണ് അത് അറിയപ്പെടുന്നത്. അതെ, മനുഷ്യര്‍ക്കും ദൈവത്തിനും ഇടയിലെ പാലമായി സിസ്റ്റര്‍ റാണി മരിയ മാറിയിക്കുന്നു. ആ പാലത്തിലൂടെ അനേകര്‍ രക്ഷയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നു.
ജോസഫ് മൈക്കിള്‍