
ചങ്ങനാശേരി: രാജ്യത്തിന്റെ പുരോഗതിക്കു കരുത്ത് പകരാൻ മാർ ജോസഫ് പവ്വത്തിൽ ഫൗണ്ടേഷനു സാധിക്കുമെന്ന് മുംബൈ മുൻ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സ്മരണാർത്ഥം രൂപീകരിച്ച ‘ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം മീഡിയ വില്ലേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
സഭയെയും സമൂഹത്തെയും കുറിച്ച് സൂക്ഷ്മദർശനവും കാഴ്ചപ്പാടുകളും പുലർത്തി പൊതുനന്മയ്ക്കും വളർച്ചയ്ക്കുമായി പ്രവർത്തിച്ച സഭാചാര്യനായിരുന്നു ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിലെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. കർമനിരതമായ പ്രവർത്തനത്താൽ അമൂല്യമായ സംഭാവനകൾ ചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ പേര് സഭയിലും സമൂഹത്തിലും എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഫൗണ്ടേഷന്റെ വെബ്സൈറ്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കർദിനാൾ മാർ ജോർജ് കൂവക്കാട് ഓൺലൈനിൽ സന്ദേശം നൽകി. സീറോമലബാർ സഭയുടെ പാരമ്പര്യവും പൗരാണികതയും സംരക്ഷിക്കുന്നതിനും കൈമാറുന്നതിനും മാർ പവ്വത്തിലിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് കർദിനാൾ അനുസ്മരിച്ചു. ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ആദ്യ ട്രസ്റ്റി ബിഷപ്പ് മാർ തോമസ് പാടിയത്ത്, മാനേജിംഗ് ട്രസ്റ്റി ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജെയിംസ്, പ്രൊഫ. മുരളി വല്ലഭൻ, ഡോ. പി. ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ, മോൺ. ജോൺ തെക്കേക്കര, പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണപ്ലാക്കൽ, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജോബ് മൈക്കിൾ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.