
വത്തക്കാന്‍ സിറ്റി: ഹാര്‍വാഡ് സര്‍വകലാശാലയിലെ സാംക്രമികരോഗശാസ്ത്ര പ്രഫസറും ഹ്യൂമന്‍ ഫ്‌ളറിഷിംഗ് പ്രോഗ്രാമിന്റെ ഡയറക്ടറുമായ ടൈലര്‍ ജെ. വാന്‍ഡര്‍വീലിനെ ലിയോ 14 -ാമന്‍ മാര്‍പാപ്പ വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലേക്ക് നിയമിച്ചു.
2012-ലാണ് ടൈലര്‍ വാന്‍ഡര്‍വീല്‍ കത്തോലിക്കാ സഭയില്‍ അംഗമാകുന്നത്. ഗണിതം, തത്വശാസ്ത്രം, ദൈവശാസ്ത്രം, ധനകാര്യം, ബയോസ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍, ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോഡ്, പെന്‍സില്‍വാനിയ തുടങ്ങിയ പ്രശസ്ത സര്‍വകലാശാലകളില്‍ നിന്ന് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. പോസിറ്റീവ് എപ്പിഡെമിയോളജി എന്ന ആശയത്തിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും ഐശ്വര്യവും ക്ഷേമവും എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല.
പരമ്പരാഗത വിവാഹ-കുടുംബ മൂല്യങ്ങളെ പിന്തുണയ്ക്കുന്ന വാന്‍ഡര്‍വീല്‍ പൊന്തിഫിക്കല്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചതില്‍ നന്ദി പ്രകടിപ്പിച്ചു. കത്തോലിക്ക സാമൂഹിക പ്രബോധനങ്ങള്‍ തന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹികശാസ്ത്ര മേഖലയിലെ വത്തിക്കാന്റെ പ്രധാന ഉപദേശക സമിതിയിയാണ് വത്തിക്കാന്‍ അക്കമാദമി ഓഫ് സോഷ്യല്‍ സയന്‍സസ്. നിയമം, പൊളിറ്റിക്കല്‍ സയന്‍സ്, സാമ്പത്തിക ശാസ്ത്രം, സോഷ്യോളജി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 35 അംഗങ്ങളാണ് ഈ അക്കാദമിയില്‍ അംഗങ്ങളായുള്ളത്.