
കേന്ദ്രസര്‍ക്കാരും ഒടുവില്‍ സമ്മതിച്ചിരിക്കുന്നു ജനങ്ങളാണ് ഏറ്റവും വലിയ സമ്പത്തെന്ന്. 16-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് ജനസംഖ്യ കുറയ്ക്കുന്നതിന് ഇനി പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ്. എന്നാല്‍, ആ റിപ്പോര്‍ട്ട് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ചൈന, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ യുവജനങ്ങളുടെ എണ്ണം കുറയുന്നത് ആ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനര്‍ത്ഥം നാളെ ഇന്ത്യയെയും കാത്തിരിക്കുന്നത് സമാനമായ സാഹചര്യമായിരിക്കും എന്നുതന്നെയാണ്.
കാലം പറയുന്നു സഭയാണ് ശരി
പാഠപുസ്തങ്ങളില്‍ തുടങ്ങി മാധ്യമങ്ങളിലൂടെവരെ ഭരണസംവിധാനങ്ങള്‍ ഇതുവരെ പറഞ്ഞുപഠിപ്പിച്ചിരുന്നത് ജനസംഖ്യാ പെരുപ്പമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുന്ന പ്രധാന ഘടകമെന്നായിരുന്നു. ജനസംഖ്യ ബാധ്യതയല്ല, ആസ്തിയാണെന്ന് പരസ്യമായി പറയുകയും ആ നിലപാടില്‍ ഉറച്ചുനില്ക്കുകയും ചെയ്തത് കത്തോലിക്ക സഭയാണ്. കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സഭയുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനാണ് ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതെന്ന് പല ‘ബുദ്ധിജീവികളും’ ആക്ഷേപിക്കുന്നതും പതിവാണ്. എന്നാല്‍, കത്തോലിക്ക സഭയുടെ നിലപാടുകളാണ് ശരിയെന്ന് കാലംതെളിയിക്കുകയാണ്.
രാജ്യം നടപ്പിലാക്കിയ ഫാമിലി പ്ലാനിംഗ് ഏറെ സ്വാധീനിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന്റെ ദുരന്തഫലങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കുടുംബത്തില്‍ രണ്ടു മക്കളാണ് നല്ലതെന്ന ചിന്ത വേരുറച്ചത് ഫാമിലി പ്ലാനിംഗ് ആശയങ്ങളില്‍നിന്നായിരുന്നു. കേരളത്തില്‍ എവിടെ ചെന്നാലും ഇപ്പോള്‍ കാണുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. കെട്ടിട നിര്‍മാണം മുതല്‍ കാര്‍ഷിക മേഖലയെവരെ നിയന്ത്രിക്കുന്നത് അതിഥി തൊഴിലാളികളാണ്. ജനസംഖ്യയില്‍വന്ന കുറവാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ കേരളം മത്സരിക്കുന്നത് ലോക നിലവാരവുമായിട്ടാണ്. എന്നാല്‍ അതിഥി തൊഴിലാളികളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസത്തില്‍ വളരെ പിന്നിലാണ്. സ്വഭാവികമായും അവരുടെ സംസ്‌കാരം കേരളത്തെ സ്വാധീനിക്കാന്‍ തുടങ്ങുമ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും.
ചൈനയിലെ ഒറ്റക്കുട്ടി നയം
ഒറ്റക്കുട്ടി നയം കര്‍ശനമായി നടപ്പാക്കിയ രാജ്യമായിരുന്നു ചൈന. രണ്ടാമതൊരു കുഞ്ഞ് ജനിച്ചാല്‍ കനത്ത ഫൈന്‍ ഈടാക്കുകയോ അതിന് സാമ്പത്തിക ശേഷി ഇല്ലാത്തവരാണെങ്കില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുക്കുകയോ ചെയ്തിരുന്നു. അടുത്ത കാലംവരെ ജനസംഖ്യയില്‍ ചൈനയായിരുന്നു മുമ്പില്‍. ജനസംഖ്യ നിയന്ത്രിച്ചുനിര്‍ത്തിയാല്‍ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാമെന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അവിടുത്തെ ഭരണാധികാരികളെ നയിച്ചിരുന്നത്. എന്നാല്‍, കാലം കഴിഞ്ഞപ്പോഴാണ് അതിലെ അപകടം അവര്‍ മനസിലാക്കിയത്.
ലോകത്തിലെ പ്രധാനപ്പെട്ട കമ്പനികളുടെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്. ഈ രീതിയില്‍ മുമ്പോട്ടുപോയാല്‍ ജോലി ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കും ആളുകള്‍ ഇല്ലാതെ വരുമെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകി. പക്ഷേ, ഇപ്പോള്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യങ്ങളുമൊക്കെ പ്രഖ്യാപിച്ചെങ്കിലും അതു സമൂഹത്തെ ഇപ്പോള്‍ സ്വാധീനിക്കുന്നില്ല. കാരണം, ഒരു കുഞ്ഞുമതി എന്നരീതിയില്‍ അവരുടെയൊക്കെ ചിന്ത ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നു. തെറ്റായ പഠനങ്ങള്‍ മനുഷ്യരെ സ്വാധീനിച്ചുകഴിഞ്ഞാല്‍ അതില്‍നിന്നും പുറത്തുകടക്കാന്‍ എളുപ്പമല്ലെന്നു ചുരുക്കം.
തിരിച്ചടി കേരളത്തിനും
കുടുംബത്തിനും വിവാഹത്തിനും മക്കള്‍ക്കും പ്രാധാന്യമില്ലാത്ത സംസ്‌കാരമാണ് ടെക്‌നോളജിയുടെ മേഖലയില്‍ മുമ്പില്‍ നില്ക്കുന്ന ജപ്പാനില്‍ നിലനില്ക്കുന്നത്. അവര്‍ അതിനുപകരം കഠിനാധ്വാനത്തിനാണ് ഒന്നാം സ്ഥാനം നല്‍കിയത്. കാലം ചെന്നപ്പോള്‍ യുവജനങ്ങളുടെ എണ്ണം കുറഞ്ഞ് വൃദ്ധരുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.
കേരളത്തിന് മറ്റൊരു തിരിച്ചടികൂടിയുണ്ട്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കണക്കാക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതിലെ ഒരു ഘടകമായിരുന്നു ജനസംഖ്യാ നിയന്ത്രണത്തിലെ മികവ്. 15-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 12.5 ശതമാനമായിരുന്നു ജനസംഖ്യാ നിയന്ത്രണത്തിനു നല്‍കിയിരുന്ന വെയിറ്റേജ്. ഇതു 10 ശതമായി കുറച്ചിരിക്കുകയാണ്. ഭാവിയില്‍ അതൊരു ഘടകംപോലും അല്ലാതായി മാറും. നികുതി വിഹിതം കുറയുന്നതിനൊപ്പം വൃദ്ധന്മാരുടെ നാടായി കേരളംമാറുകയും ചെയ്യും.
മനുഷ്യവിഭവശേഷിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തെന്ന് അഭിമാനത്തോടെ പറയുകയും ജനസംഖ്യാ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഗവണ്‍മെന്റിന്റെ നയമായി മാറണം. ‘ബുദ്ധിജീവികള്‍’ പരിഹസിച്ചെന്നു വരാം. എന്നാല്‍, നാടുഭരിക്കുന്നവര്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ദൂരക്കാഴ്ച ഉള്ളവരായി മാറണം. താല്ക്കാലികമായി ചില കയ്യടികള്‍ നഷ്ടപ്പെട്ടാലും നിങ്ങളുടെ നിലപാടുകളായിരുന്നു ശരിയെന്നു ചരിത്രം വിധിയെഴുമെന്നതില്‍ സംശയം വേണ്ട.
ജോസഫ് മൈക്കിള്‍