
ചിക്കാഗോ/ യുഎസ്എ: ചിക്കാഗോയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്(ICE) കേന്ദ്രത്തില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് വിഭൂതി തിരുനാള്‍ ദിനത്തില്‍ ശുശ്രൂഷകള്‍ നല്‍കാന്‍ കത്തോലിക്കാ വൈദികര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അനുമതി നല്‍കിക്കൊണ്ട് യുഎസ് കോടതി ഉത്തരവിട്ടു. ബ്രോഡ്വ്യൂവിലുള്ള തടങ്കല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് ഫെബ്രുവരി 12-നാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റോബര്‍ട്ട് ഡബ്ല്യു ഗെറ്റില്‍മാന്‍ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഇന്ന് (ഫെബ്രുവരി 18-ന്) ആചരിക്കുന്ന വിഭൂതി തിരുനാളില്‍ ചാരം പൂശാനും വിശുദ്ധ കുര്‍ബാന നല്‍കുന്നതിനും വൈദികര്‍ക്കും കത്തോലിക്കാ സാമൂഹിക പ്രവര്‍ത്തകര്‍ക്കും തടസമുണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. തടങ്കല്‍ കേന്ദ്രത്തിലുള്ളവര്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ നല്‍കുന്നത് തടയുന്നതിലൂടെ സര്‍ക്കാര്‍ പൗരന്മാരുടെ മതസ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു. മുന്‍പ് പലതവണ അനുമതി തേടിയിട്ടും അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഏതാനും വൈദികരും ഒരു സംഘടനയും തടവില്‍ കഴിയുന്ന കുടിയേറ്റക്കാരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിയമപോരാട്ടം നടത്തിയത്.
മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശം ഭരണഘടനാപരമായ ഒന്നാണെന്നും, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അത് പൂര്‍ണമായി നിരോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. യുഎസില്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ വിശ്വാസികളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിഭൂതി തിരുന്നാളിന് ശേഷം തടവുകാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും അവര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിന് സ്ഥിരമായ ഒരു സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

