
ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് സീറോമലബാര്‍ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കേരള ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്‍, 2023 മെയ് 17 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച താണ്. എന്നാല്‍ 33 മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തോടുള്ള വിവേചനമാന്നെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കിയെന്നു സര്‍ക്കാര്‍ പറയുന്നെങ്കിലും അവ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. പ്രസ്തുത വിഷയങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സഭാ-സമുദായ നേതാക്കളുടെ സമ്മേളനം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതേക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല.
കാര്യങ്ങളില്‍ വ്യക്തത വരുത്തി ക്രൈസ്തവരോടുള്ള വേര്‍തിരിവ് അവസാനിപ്പിക്കണമെന്നും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് സഭാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്ത് എത്രയുംവേഗം നടപ്പിലാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, അംഗങ്ങളായ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സഭാ ചാന്‍സലര്‍ ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ സംബന്ധിച്ചു.