
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലെ അല്മായ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ത്രിദിന നേതൃസംഗമം സമാപിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 250-ഓളം പ്രതിനിധികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ പൂര്‍ണ്ണ സമയം അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ശാലോം വേള്‍ഡ് സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഡോ. റോയി പാലാട്ടി സിഎംഐ നേതൃത്വം നല്കി.
സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും അല്മായര്ക്കുള്ള നിര്‍ണ്ണായകവും ഒഴിച്ചുകൂടാനാവാത്തതുമായ പങ്കിനെക്കുറിച്ച് സംഗമം ചര്‍ച്ച ചെയ്തു. മതാധ്യാപകരും വോളന്റിയേഴ്സുമാണ് സംഗമത്തില്‍ പങ്കെടുത്തത്. പ്രാര്‍ത്ഥനയിലും വചനത്തിലും വിശുദ്ധ കുര്‍ബാനയിലും അടിയുറച്ച അല്മായ നേതൃത്വം രൂപതയുടെയും യുകെയിലെ സഭയുടെയും ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന് സമ്മേളനം വിലയിരുത്തി.
സഭയുടെ വളര്‍ച്ചയ്ക്കും ദൗത്യത്തിനും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധമായ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം നടത്തിയത്.