
വത്തിക്കാന്‍ സിറ്റി: ഗ്രാന്റ്പേരന്റ്സിന്റെയും വയോധികരുടെയും ദിനത്തിനുള്ള പ്രമേയം ലിയോ 14-ാമന്‍ മാര്‍പാപ്പ തിരഞ്ഞെടുത്തു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ‘ഞാന്‍ നിന്നെ മറക്കില്ല’ (ഏശയ്യാ 49:15) എന്ന വചനമാണ് ഈ വര്‍ഷത്തെ പ്രമേയം. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളും യേശുവിന്റെ ഗ്രാന്റ്പേരന്റ്സുമായ വിശുദ്ധരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാള്‍ദിനമായ ജൂലൈ 26 -നാണ് 2026-ലെ ഗ്രാന്റ്പേരന്റ്സ് ഡേ.
ഒരോ മനുഷ്യനോടുമുള്ള ദൈവത്തിന്റെ സ്നേഹം വാര്‍ധക്യത്തിന്റെ ബലഹീനതയുടെ നടുവിലും ഇല്ലാതാകുന്നില്ലെന്ന് ഈ പ്രമേയം അടിവരയിടുന്നതായി അല്മായര്ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രസ്തവാനയില്‍ പറയുന്നു. പ്രത്യേകിച്ചും ഒറ്റപ്പെട്ടും വിസ്മരിക്കപ്പെട്ടും കഴിയുന്ന മുതിര്‍ന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും നല്കാന് ഈ പ്രമേയം സഹായിക്കും.
പ്രായമായവരെ മറക്കാതിരിക്കാനും അവരുടെ സാന്നിധ്യം അനുഗ്രമായി കാണാനും കുടുംബങ്ങള്‍ക്കും സഭാ കൂട്ടായ്മകള്‍ക്കുമുള്ള ക്ഷണമാണ് ഇത് നല്‍കുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.