
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെയും അതിശൈത്യത്തിന്റെയും പിടിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് വത്തിക്കാന്റെ സഹായഹസ്തം. 80 വൈദ്യുത ജനറേറ്ററുകളും അത്യാവശ്യ മരുന്നുകളും ഭക്ഷണസാധനങ്ങളുമടങ്ങിയ മൂന്ന് ലോറി സാധനസാമഗ്രികള്‍ ഉക്രെയ്‌നിലേക്ക് അയച്ചു. റോമിലെ സെന്റ് സോഫിയ ദൈവാലയത്തില്‍ നിന്ന് പുറപ്പെട്ട വാഹനങ്ങള്‍ കീവ്, ഫാസ്റ്റീവ് തുടങ്ങിയ നഗരങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചു.
അതിശൈത്യം നേരിടുന്ന സമയത്ത് ഉക്രെയ്‌നിലെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റഷ്യ ശക്തമാക്കിയ സാഹചര്യത്തിലാണ് വത്തിക്കാന്റെ അടിയന്തിര ഇടപെടല്‍. വത്തിക്കാന്‍ ചാരിറ്റി വിഭാഗം മേധാവി കര്‍ദിനാള്‍ കോണ്‍റാഡ് ക്രജെവ്‌സ്‌കി സാധനസാമഗ്രികളുടെ കൈമാറ്റത്തിന് നേതൃത്വം നല്‍കി.
നിലവില്‍ ഉക്രെയ്‌നിലെ രാത്രികാല താപനില മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്നുണ്ട്. പകല്‍സമയത്തും മൈനസ് 10 മുതല്‍ 12 ഡിഗ്രി വരെയാണ് താപനില. തകര്‍ന്ന വീടുകളില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ജനങ്ങള്‍ അഭയകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. വത്തിക്കാന്‍ നല്‍കിയ ജനറേറ്ററുകള്‍ ഈ കേന്ദ്രങ്ങളില്‍ ചൂട് നിലനിര്‍ത്താനും ചൂടുള്ള ഭക്ഷണംലഭ്യമാക്കാനും സഹായകരമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉക്രെയ്‌നിലേക്ക് അയക്കുമെന്ന് വത്തിക്കാന്റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി.