
കാഞ്ഞിരപ്പള്ളി: ജീവനുണ്ടാകാനും, അത് സമൃദ്ധമായുണ്ടാകാനും എന്നത് ശുശ്രൂഷാവാക്യമാക്കി 19 വര്‍ഷം കാഞ്ഞിരപ്പള്ളി രൂപതക്ക് നേതൃത്വം നല്കിയ ബിഷപ് എമരിറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ മെത്രാഭിഷേക രജതജൂബിലിയില്‍.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും നേതൃത്വം വഹിച്ച ശ്രേഷ്ഠ ഇടയന് ദൈവം ഒരുക്കിയ കരുതലിനും നേട്ടങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുകയാണ്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലായി 56 വര്‍ഷമായി പൗരോഹിത്യ ശുശ്രൂഷ അര്‍പ്പിച്ചുവരുന്ന മാര്‍ അറയ്ക്കല്‍ 82-ാം വയസിന്റെ ധന്യതയിലാണ് മെത്രാഭിഷേക ജൂബിലി ആഘോഷിക്കുന്നത്.
1971 മാര്‍ച്ച് 13ന് പൗരോഹിത്യം സ്വീകരിച്ച് 27-ാം വയസില്‍ അവിഭക്ത ചങ്ങനാശേരി അതിരൂപതയിലെ അമ്പൂരി ഇടവകയിലാണ് വൈദിക ശുശ്രൂഷയുടെ തുടക്കം. തുടര്‍ന്ന് ചങ്ങനാശേരി അരമനയില്‍ അസിസ്റ്റന്റ് പ്രൊക്കുറേറ്ററായും സേവ് എ ഫാമിലിയുടെ ഡയറക്ടറുമായി നിയമിതമായി.
പീരുമേഡ് ഡവലപ്മെന്റ് സൊസൈറ്റി
1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ പീരുമേട്-മുറിഞ്ഞപുഴ പള്ളികളുടെ വികാരിയായി നിയമിത നായി. 1980-ല്‍ മാത്യു അറയ്ക്കലച്ചനെ ചുമതലയേല്‍പ്പിച്ച് സ്ഥാപിതമായ പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി (പിഡിഎസ്) മലയോര വികസനത്തിലെ നാഴികക്കല്ലായിരുന്നു. ജൈവകൃഷി, യൂറോപ്യന്‍ ഏജന്‍സികളുടെ ജൈവസര്ട്ടി ഫിക്കേഷന്, ജൈവവളം നിര്‍മാണം, കാര്‍ഷിക മൂല്യവര്‍ധന, വിദേശ വിപണനം, സുസ്ഥിരവികസനം തുടങ്ങി വൈവിധ്യമാര്‍ന്ന നേട്ടങ്ങളാണ് ഈ സ്ഥാപനം നേടിയെടുത്തത്.
40 ഗ്രാമങ്ങളിലായി 1500 സ്വാശ്രയസംഘങ്ങള്‍ക്കും കാര്‍ഷിക ഉത്പാദക സംഘങ്ങള്‍ക്കും പിഡിഎസ് തുടക്കമിട്ടു. ആദിവാസികളുടെ ജൈവകാര്ഷികോത്പന്നങ്ങള്ക്ക് യൂറോപ്പിലും അമേരിക്കയും സര്‍ട്ടിഫിക്കേഷനോടെ വിപണി കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഓര്‍ഗാനിക് സ്പൈസസ് കയറ്റുമതി സ്ഥാപനമായി പിഡിഎസ് വളര്‍ന്നു.
2001 ജനുവരി 19ന് ഫാ. മാത്യു അറയ്ക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മെത്രാനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ നിയമിച്ചു. ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മാര്‍ മാത്യു അറയ്ക്കലിന്റെ സൗഹൃദവലയം രൂപതയ്ക്കും സഭയ്ക്കും സമുദായത്തിനും എക്കാലവും കരുത്തുപകരുന്നു.
പ്ലാനിംഗ് കമ്മീഷന് അഡൈ്വസര്‍
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരിക്കെ കേന്ദ്ര പ്ലാനിംഗ് കമ്മീഷന് അഡൈ്വസര്‍, കേരളത്തിലെ തുടര്‍വിദ്യാ ഭ്യാസഭരണസമിതി അംഗം, അക്കാദമിക് കൗണ്‍സില്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ അംഗം, നാഷണല്‍ ബാങ്ക് ഓഫ് അഗ്രി കള്‍ച്ചറല്‍ ഡവലപ്മെന്റ് അംഗം, കൗണ്‍സില്‍ ഫോര്‍ അഡ്വാ ന്‍സ്മെന്റ് ഓഫ് പീപ്പിള്‍സ് ആക്ഷന്‍ ആന്‍ഡ് റൂറല്‍ ടെക്നോളജി അംഗം, കേരളാ ഫാമിംഗ് കോര്പ്പറേഷന് അംഗം, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അംഗം തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.
കേരളാ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡലവപ്മെന്റ് കമ്മീഷന് ചെയര്മാന്, ജീവന് ടെലികാസ്റ്റിംഗ് കോ-ഓപ്പറേഷന് ചെയര്മാന്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന്, അല്മായ കമ്മീഷന് ചെയര്മാന്, ഇന്‍ഫാം ദേശീ യ രക്ഷാധികാരി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.
25 പുതിയ ഇടവകകളാണ് 19 വര്‍ഷത്തെ ഇടയശുശ്രൂ ഷാവേളയില് കാഞ്ഞിരപ്പള്ളി രൂപതയില്‍ ആരംഭിച്ചത്. 58 പള്ളികളുടെയും 58 വൈദികമന്ദിരങ്ങളുടെയും നിര്‍മിതിയില്‍ പങ്കാളിയായി കൂദാശ ചെയ്യുകയും അഞ്ച് ഫൊറോനകള്‍ സ്ഥാപിക്കുകയും ചെയ്തു.
സഹ്യാദ്രി കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി
വിദ്യാഭ്യാസമേഖലയില്‍ മാര്‍ അറയ്ക്കലിന്റെ ദര്‍ശനം രൂപതയ്ക്കും നാടിനും വലിയ നേട്ടമായി. കുട്ടിക്കാനം മരിയന്‍ കോളജ്, കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി തുടങ്ങിയവയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. സാധാരണ ക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി സഹ്യാദ്രി കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 2005 ല്‍ ആരംഭിച്ചു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര് ന്നവര്‍ക്കും താമസിക്കുവാനും പഠിക്കുവാനും തൊഴില്‍ പരിശീലനം നല്കുവാനും വാഴൂര്‍ ചെങ്കല്ലില്‍ ഏഞ്ചല്‍സ് വില്ലേജ് പടുത്തുയര്‍ത്തി.
അഗതിമന്ദിരങ്ങള്‍, വയോജന ഭവനങ്ങള്‍ മനോരോഗ ചികിത്സാലയങ്ങള്‍, ലഹരിവിമോചന കേന്ദ്രങ്ങള്‍, ശാരീരിക ന്യൂനതയുള്ളവരുടെ സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങി എഴുപത് സ്ഥാപനങ്ങളിലൂടെ അനേകര്‍ക്ക് ആശ്വാസം നല്കാന് നല്ല സമറായനായി മാര്‍ മാത്യു അറയ്ക്കല്‍ ശുശ്രൂഷകര്‍ക്ക് കരുതലേകി.