
ജറുസലേം: യേശുവിന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന അതിപുരാതന ‘തീര്‍ത്ഥാടക പാത’ വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നു. സീലോഹ കുളത്തില്‍നിന്ന് ആരംഭിച്ച് യഹൂദ ദേവാലയം നിലനിന്നിരുന്ന മോറിയാ മലയിലേക്ക് നീളുന്നതാണ് ഈ പാത. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യഹൂദ തീര്‍ത്ഥാടകര്‍ ശുദ്ധീകരണ കര്‍മങ്ങള്‍ക്ക് ശേഷം ദേവാലയത്തിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന പ്രധാന വീഥിയാണിത്.
ഹേറോദേസ് രാജാവിന്റെയോ പന്തിയോസ് പീലാത്തോസിന്റെയോ നിര്‍ദേശപ്രകാരമാണ് ഈ പാത നിര്‍മിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു. എഡി 70-ല്‍ റോമാക്കാര്‍ ജറുസലേം നശിപ്പിച്ചപ്പോള്‍ ഈ പാത മണ്ണിനടിയിലായി. എന്നാല്‍ ഇതേ മണ്ണ് ഒരു കവചമായി പ്രവര്‍ത്തിച്ചതിനാല്‍ പാത കാര്യമായ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുകയായിരുന്നു. പാതയോടൊപ്പം തന്നെ ചരിത്രപ്രധാനമായ പല വസ്തുക്കളും ഖനനത്തിനിടയില്‍ ലഭിച്ചിട്ടുണ്ട്.
വിശ്വാസികള്‍ ദേവാലയത്തില്‍ കയറുന്നതിന് മുമ്പ് ശുദ്ധി വരുത്താന്‍ ഉപയോഗിച്ചിരുന്ന കുളം, പൊതു അറിയിപ്പുകള്‍ നല്‍കുന്നതിനും വേദപുസ്തകം വായിക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന സ്റ്റേജ് തുടങ്ങിയവയും 20 വര്‍ഷത്തോളം നീണ്ട ഖനനത്തില്‍ കണ്ടെത്തി. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ പാതയിലൂടെ നടക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്കും, തങ്ങളുടെ പുരാതന ചരിത്രവുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന യഹൂദ വിശ്വാസികള്‍ക്കും ഏറെ പ്രധാനപ്പെട്ട ഇടമായി ഈ പാത മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.