
ബംഗളൂരു: കൊങ്കണി ഭാഷയിലുള്ള പരിഷ്‌കരിച്ച വിശുദ്ധകുര്‍ബാനക്രമം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള കൊങ്കണി സംസാരിക്കുന്ന കത്തോലിക്കാ സമൂഹത്തിന് ഇതോടെ മാതൃ ഭാഷയില്‍ വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണമായ പങ്കാളിത്തം സാധ്യമാകും.
ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ 37-ാമത് സമ്മേളനത്തില്‍ വച്ചാണ് പരിഷ്‌കരിച്ച ആരാധനാക്രമം പുറത്തിറക്കിയത്. കൊങ്കണി സംസാരിക്കുന്നവരുടെ ഭാഷാ വൈവിധ്യം തിരിച്ചറിഞ്ഞ് റോമി, കന്നഡ ലിപികളില്‍ കുര്‍ബാനക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറേല്ലി പ്രകാശനകര്‍മം നിര്‍വഹിച്ചു. സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, വൈസ് പ്രസിഡന്റ് ഡോ. ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ, സെക്രട്ടറി ജനറല്‍ ഡോ. വിന്‍സെന്റ് ഐന്‍ഡ്; സിസിബിഐ കമ്മീഷന്‍ ഫോര്‍ ലിറ്റര്‍ജിയുടെയും കൊങ്കണിയിലെ ലിറ്റര്‍ജിയുടെയും ചെയര്‍മാന്‍ ബിഷപ് പീറ്റര്‍ പോള്‍ സല്‍ദാന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സിസിബിഐ കമ്മീഷന്‍ ഫോര്‍ ഫെയ്ത്ത് ഫോര്‍മേഷന്റെയും കൊങ്കണി ലിറ്റര്‍ജിയുടെയും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. വിജയ് മച്ചാഡോ, സിസിബിഐ കമ്മീഷന്‍ ഫോര്‍ ലിറ്റര്‍ജി എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡോ. റുഡോള്‍ഫ് പിന്റോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
2010-ല്‍ തുടങ്ങിയ കുര്‍ബാനക്രമത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പതിനാറ് വര്‍ഷം നീണ്ടുനിന്നു. പുതിയ കുര്‍ബാനക്രമം വെറുമൊരു ആരാധനാക്രമം മാത്രമല്ല, വിശ്വാസികളെ ദിവ്യകാരുണ്യ ഭക്തിയിലേക്ക് ആഴത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന അജപാലന ഉപകരണ മാണെന്നും, ആരാധനാ സമൂഹത്തിന്റെ പങ്കാളിത്തവും ഭക്തിയും വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കുമെന്നും സഭാ നേതാക്കള്‍ പറഞ്ഞു.