
അലഹബാദ് (ഉത്തര്‍പ്രദേശ്): സ്വകാര്യ സ്ഥലങ്ങളില്‍ മതപരമായ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു.
ക്രൈസ്തവര്‍ ആരാധനാലയങ്ങളിലും സ്വന്തം വീടുകളിലും നടത്തുന്ന പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തുന്നതും പ്രാര്‍ത്ഥിക്കാനുള്ള അവകാശംവരെ ചോദ്യംചെയ്യപ്പെടുന്നതും പതിവായി മാറിക്കൊണ്ടിരിക്കുന്ന വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഈ ഉത്തരവ്.
റോഡുകളിലോ പൊതുസ്ഥലങ്ങളിലോ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്താന്‍ മാത്രമാണ് അനുമതി ആവശ്യമുള്ളതെന്നുംഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാറനാത്ത ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ്, ഇമ്മാനുവല്‍ ഗ്രേസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
ഈ സംഘടനകള്‍ അവരുടെ കോമ്പൗണ്ടില്‍ പ്രാര്‍ത്ഥനാ മീറ്റിംഗ് നടത്താന്‍ അനുവാദം ചോദിച്ച് അപേക്ഷ നല്‍കിയിട്ടും അധികാരികള്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാര്‍ക്ക് ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താനുള്ള അവകാശം ഉണ്ടെന്നു വ്യക്തമാക്കിയാണ് കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.