
കെയ്റോ/ഈജിപ്റ്റ്: ‘മതനിന്ദ’ ആരോപണത്തെ തുടര്‍ന്ന് ഒരു ക്രൈസ്തവ വിശ്വാസിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഈജിപ്തിനെ മതസ്വാതന്ത്ര്യ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന് (യുഎസ്സിഐആര്‍എഫ്). ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ ഉള്ളടക്കം, രാജ്യത്തെ മതനിന്ദ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ഈജിപ്ത് സ്വദേശിയായ അഗസ്റ്റിന് സമാന് അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചത്. ഇതിനെ തുടര്‍ന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന് ട്രംപ് ഭരണകൂടത്തോട് ഈജിപ്തിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജനുവരി 26 ന് ആദ്യം നിശ്ചയിച്ചിരുന്ന സമാന്റെ അപ്പീല്‍ വാദം ഫെബ്രുവരി 2 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
അഗസ്റ്റിന് സമാനെ കൂടാതെ, മാര്‍ച്ച് മാസം മുതല്‍ തടങ്കലില്‍ കഴിയുന്ന അഹ്മദിസ് മതവിശ്വാസികളായ 14 പേരെ അവരുടെ വിശ്വാസം ഉപേക്ഷിക്കാന്‍ ഭരണകൂട പിന്തുണയുള്ള ഷെയ്ഖുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി മതസ്വാതന്ത്ര്യ കമ്മീഷന് പറഞ്ഞു. മതപരമായ കുറ്റങ്ങളില്‍ അന്യായമായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങള്‍ക്ക് മതസ്വാതന്ത്ര്യ കമ്മീഷന് മുമ്പ് ഈജിപ്ഷ്യന്‍ സര്‍ക്കാരിനെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രശ്നത്തിന്റെ മൂലകാരണത്തിലേക്ക് പോകേണ്ട സമയമായതായും ഈജിപ്റ്റിലെ ക്രിമിനല്‍ കോഡിലെ ദൈവനിന്ദ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 98(എഫ്) റദ്ദാക്കുന്നതിനായി യുഎസ് സര്‍ക്കാര്‍ ഈജിപ്റ്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുഎസ്സിഐആര്‍എഫ് കമ്മീഷണര്‍ മുഹമ്മദ് എല്‍സ നൗസി ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിദേശരാജ്യങ്ങളിലെ കാര്യങ്ങള്‍ നിരീക്ഷുന്ന സ്വതന്ത്ര യുഎസ് ഏജന്‍സിയാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്. ഇതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോണ്‍ഗ്രസിനും നയപരമായ ശുപാര്‍ശകള്‍ കമ്മീഷന് നല്കിവരുന്നു.