ജീവനോടെ കടലില്‍ എറിയപ്പെട്ടവരടക്കം 80 രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

80 martyrs to be beatified

വത്തിക്കാന്‍ സിറ്റി: ലബനീസ് മാറോനൈറ്റ് പാത്രിയാര്‍ക്കീസായിരുന്ന ഏലിയാസ് ഹോയെക്കിനെയും സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട 80 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ഇവരുടേതുള്‍പ്പടെ നാമകരണനടപടികളുമായി ബന്ധപ്പെട്ട ആറ് ഡിക്രികളില്‍ ലിയോ 14-ാമന്‍ പാപ്പ ഒപ്പുവച്ചു. ഇന്ത്യയില്‍ ദീര്‍ഘകാലം ശുശ്രൂഷ ചെയ്ത ഇറ്റാലിയന്‍ മിഷനറി വൈദികനടക്കം നാല് പേരെ ധന്യരായി അംഗീകരിക്കുന്ന ഡിക്രികളും ഇതില്‍ ഉള്‍പ്പെടുന്നു.

കയ്യും കാലും കെട്ടി ജീവനോടെ കടലില്‍ എറിയപ്പെട്ടവരും, ജീവനോടെ ചുട്ടെരിക്കപ്പെട്ടവരും, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പീഡനമേറ്റ് കൊല്ലപ്പെട്ടവരുമടങ്ങുന്ന 80 സ്പാനിഷ് രക്തസാക്ഷികളുടെ സംഘത്തിലുള്ള എല്ലാവരും അവസാന ശ്വാസം വരെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ ഉറച്ചുനിന്നവരാണ്. സാന്റോണയിലെ സാന്താ മരിയ ഡെല്‍ പ്യൂയെര്‍ട്ടൊ ഇടവക വികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ്‌കോ ഗൊണ്‍സാലസ് ഡെ കൊറഡോബയാണ് അതിലൊരു വൈദികന്‍. അധികാരികളുടെ ഭീഷണികള്‍ക്ക് മുമ്പിലും അജഗണത്തെ ഉപേക്ഷിക്കാന്‍ തയാറാകാത്ത വൈദികനായിരുന്നു ഫാ. ഫ്രാന്‍സെസ്‌കോ. അവസാനം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷവും തടവറയില്‍ കൂടെയുള്ളവരുടെ കുമ്പാസാരം കേള്‍ക്കുന്നതും ജപമാല പ്രാര്‍ത്ഥന നയിക്കുന്നതും അദ്ദേഹം തുടര്‍ന്നു. വധശിക്ഷയുടെ സമയത്ത് ഒപ്പമുള്ളവര്‍ക്ക് പാപമോചനം നല്‍കുന്നതിനായി അവസാനമായി തന്റെ ജീവന്‍ എടുക്കാന്‍ ആവശ്യപ്പെട്ട ധീരനായിരുന്നു ഫാ. ഫ്രാന്‍സെസ്‌കൊ. 48 വയസുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ ധീര രക്തസാക്ഷിത്വം.

ലബനന്റെ സ്ഥാപക പിതാവായി അറിയപ്പെടുന്ന പാത്രിയര്‍ക്കീസ് ഏലിയാസ് ഹോയെക്കിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനും പാപ്പ അംഗീകാരം നല്‍കി. 1843 ഡിസംബര്‍ 4-ന് ലബനനിലെ ഹെല്‍റ്റയിലാണ് ജനിച്ചത്. ലബനീസ് മാറോനൈറ്റ് സഭയിലെ ആദ്യ വനിതാ സമര്‍പ്പിത സമൂഹമായ ‘മാറോനൈറ്റ് സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി’ എന്ന സന്യാസിനി സഭയുടെ സ്ഥാപകനാണ്. ഒട്ടോമാന്‍ ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയ അദ്ദേഹം 1920-ല്‍ ലബനന്‍ രൂപീകരിക്കുന്നതിലേക്ക് നയിച്ച രാഷ്ട്രീയ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതിനാല്‍ ‘ലബനന്റെ സ്ഥാപക പിതാവായി’ അദ്ദേഹം അറിയപ്പെടുന്നു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.