തൃശൂര്‍: സാങ്കേതികവിദ്യയും കാരുണ്യവും കൈകോര്‍ത്തപ്പോള്‍ സംഭവിച്ചത് അത്ഭുതം. കാഴ്ചപരിമിതിമൂലം ഇത്രയും കാലം കേട്ടറിഞ്ഞിരുന്ന പീഢാനുഭവ രംഗങ്ങള്‍ ബ്രെയില്‍ ലിപിയിലൂടെ തൊട്ടറിഞ്ഞ അനുഭവങ്ങള്‍ക്കാണ് തൃശൂര്‍ പുത്തന്‍പള്ളി (വ്യാകുലമാതാവിന്‍ ബസിലിക്ക) സാക്ഷ്യംവഹിച്ചത്.
കാഴ്ചപരിമിതിയുള്ളവര്‍ക്കായി തൃശൂര്‍ പുത്തന്‍ പള്ളിയില്‍ ഒരുക്കിയ എ.ഐ അധിഷ്ഠിത ത്രീഡി ടാക്‌റ്റൈല്‍ കുരിശിന്റെ വഴിയുടെ ഉദ്ഘാടന വേദിയായിരുന്നു രംഗം. കാഴ്ചപരിമിതിയുള്ള അലീറ്റ അല്‍ഫോണ്‍സ് എന്ന പെണ്‍കുട്ടിയുടെ അനുഭവ ങ്ങളിലൂടെയാണ് ആ ചരിത്ര നിമിഷം അനുസ്മരണീയമായത്. ഓരോ ശില്‍പ്പത്തിലൂടെയും വിരലുകളോ ടിച്ചപ്പോള്‍ ക്രിസ്തുവിന്റെ സഹനത്തിന്റെ ആഴം ഹൃദയത്തില്‍ പതിയുന്ന അനുഭവമായി മാറുകയായിരുന്നു.
രൂപങ്ങളില്‍ വിരല്‍ സ്പര്‍ശിക്കുമ്പോള്‍ അവയുടെ ഭാവവും ആഴവും കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ശില്‍പ്പങ്ങള്‍ നിര്‍മ്മി ച്ചിരിക്കുന്നത്. കൂടാതെ, ബ്രെയില്‍ ലിപിയിലുള്ള വിവരങ്ങളും സ്മാര്‍ട്ട് ഫോണ്‍ വഴി കേള്‍ക്കാവുന്ന ഓഡിയോ സന്ദേശങ്ങളും കുരിശിന്റെ വഴിയെ കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കുന്നു.
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സമ്‌നിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബും, പുനര്‍ജീവ ടെക്‌നോളജി സൊല്യൂഷന്‍സും സംയുക്തമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇത്തരം സംരംഭങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബസിലിക്ക റെക്ടര്‍ ഫാ. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ജ്യോതി എഞ്ചി നീയറിംഗ് കോളേജ് അക്കാദമിക് ഡയറക്ടര്‍ റവ. ഡോ. ജോസ് കണ്ണമ്പുഴ, ടിസിഎസ് സീനിയര്‍ സയന്റിസ്റ്റ് റോബിന്‍ ടോമി, പുനര്‍ജീവ സിഡിഒ രശ്മി രവീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാഴ്ചയുടെ ലോകം അന്യമായവരുടെ ഹൃദയങ്ങളില്‍ വിശ്വാസ ദീപങ്ങള്‍ കൂടുതല്‍ മിഴിവോടെ പ്രകാശിക്കാന്‍ ഈ പുതിയ തുടക്കത്തിന് കഴിയുമെന്ന് തീര്‍ച്ച.